SEARCH


Edalapurath Chamundi Theyyam - എടലാപുരത്ത് ചാമുണ്ടി തെയ്യം

Edalapurath Chamundi Theyyam - എടലാപുരത്ത് ചാമുണ്ടി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Edalapurath Chamundi Theyyam - എടലാപുരത്ത് ചാമുണ്ടി തെയ്യം

വിശ്വാസപരമായി ശ്രീപാർവ്വതിയേയാണ് എടലാപുരത്ത് ചാമുണ്ഡിയായി ആരാധിക്കുന്നത് .

പത്തില്ലം പട്ടേരിമാരുടെ നാൽപത്തിയൊന്ന് നാൾ നീണ്ടു നിന്ന മഹാ ഹോമത്തിൻ്റെ അവസാന നാൾ ചാമുണ്ഡിമാരായ ആര്യചാമുണ്ഡി, വീര ചാമുണ്ഡി, കൊല്ലും ചാമുണ്ഡി, കൊല്ലാച്ചാമുണ്ഡി, രക്ത ചാമുണ്ഡി, അർദ്ധ ചാമുണ്ഡി,എടലാപുരത്ത് ചാമുണ്ഡി എന്നിവരുടെ അനുഗ്രഹം ഉണ്ടായി. ഇവരിൽ പ്രധാനിയായ എടലാപുരത്ത് ചാമുണ്ഡി എടാലപുരം എന്ന നാട്ടിലിറങ്ങി എടല എന്ന വടുവൃക്ഷച്ചുവട്ടിൽസ്ഥാനം കൊണ്ടു എന്നാണ് വിശ്വാസം. അവിടെ നിന്നും വഴി യാത്ര കഴിഞ്ഞു മടങ്ങിയ കുന്നുമ്മൽ കാരണവരുടെ കൂടെവന്ന് അവരുടെ പടിഞ്ഞാറ്റയിൽ ആദ്യ സ്ഥാനം നേടി. എടലാപുരത്ത് ചാമുണ്ഡി വന്നു കേറിയതോടെ കുന്നുമ്മൽ കാരണവരുടെ സമ്പത്തും പ്രസിദ്ധിയും നാട്ടിലെല്ലാം അറിഞ്ഞു. അങ്ങനെയിരിക്കെ കുതന്ത്രക്കാരനായ മുഴിക്കര കർത്താവ്‌ എന്നയാൾ കുന്നുമ്മൽ കാരണവരെ പോലെ ധനികൻ ആകാൻ കൊതിച്ചു എടലമര ചുവട്ടിൽ വ്രതമിരിക്കാൻ തുടങ്ങി. ആയ്യാറു തിങ്കൾ വ്രതമിരിന്നിട്ടും ദേവിയുടെ തിരുവുള്ളം തെളിയാത്തതു കണ്ട് സഹികെട്ട മുഴിക്കര കർത്താവ്‌, ദേവി കുടികൊള്ളുന്ന എടലമരം അരിഞ്ഞിട്ടു. കലിയടങ്ങാതെ കുന്നുമ്മൽ തറവാട്ടിൽ എത്തി ദേവിയുടെ തരുവായുധം എടുക്കവേ, തടഞ്ഞ കുന്നുമ്മൽ കാരണവർ വാൾമുന തുളഞ്ഞു കയറി പിടഞ്ഞു വീണു മരിച്ചു.

സ്വന്തം ഭാവനത്തിലെത്തിയ മുഴിക്കര കർത്താവ്‌ ദുർനിമിത്തങ്ങളിൽ തളർന്നു വീണു. പ്രായശ്ചിത്തമായി താൻ തകർത്ത കുന്നുമ്മൽ പടിഞ്ഞാറ്റ് പുതുക്കി പണിയുകയും ആദ്യമായി ദേവിയുടെ കോല സ്വരൂപം കെട്ടിയാടാൻ അവസരം ഒരുക്കുകയും ചെയ്തു.

വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

വേറെ ഒരു ഐതീഹ്യം

ഒരിക്കൽ കുന്നിരിക്ക പാലാക്കടവിൽ വസ്ത്രം അലക്കുകയായിരുന്ന വണ്ണാത്തി പുഴയിലൂടെ ഒരു ദിവ്യ വസ്തു ഒഴുകി വരുന്നത് കണ്ട് തന്റെ കൈയ്യിലെ മാറ്റ് വസ്ത്രം എറിഞ്ഞ് ആ ദിവ്യ വസ്തു കരക്കടുപ്പിക്കുകയും ചെയ്തു നോക്കിയപ്പോൾ വലിയ കണ്ണുകളും വലിയ പല്ലുകയുമെക്കെയുള്ള ഒരു മുഖമായിരുന്നു അത്. വണ്ണാത്തി ആ മുഖം തന്റെ അലക്കു മാറ്റിൽ പൊതിഞ്ഞ് നേരേ കുന്നിരിക്ക ഇല്ലത്ത് വരികയും ഉണ്ടായ കാര്യങ്ങൾ ഇല്ലത്തെ കാരണവരായ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. വണ്ണാത്തിക്ക് കിട്ടിയത് എന്തോ ദിവ്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ കുന്നിരിക്ക തങ്ങൾ ആ മുഖപ്പാളി തന്റെ ഇല്ലത്തിലുള്ള എടല വൃക്ഷത്തിൽ വെക്കുകയും ചെയ്തു. എന്നാൽ വൃക്ഷത്തിൽ വെച്ച മുഖത്തിൽ നിന്നും ചൈതന്യം തുളുമ്പി ദേവി പ്രത്യക്ഷയാവുകയും ചെയ്ത പോലെ തോന്നി. .അങ്ങിനെ എടല വൃക്ഷത്തിൽ പ്രത്യക്ഷയായ ദേവി എടലാപുരത്ത് ചാമുണ്ഡി എന്ന് അറിയപ്പെടുവാനും തുടങ്ങി. പിന്നീട് വൃക്ഷത്തിൽ നിന്നും പാറിപ്പോയ മുഖപ്പാളി ഇരട്ട ചെമ്പേത്ത് , പാറോളി, പടുവിലാൻ ചാൽ, ചോനോക്കണ്ടി തുടങ്ങി നാലു സ്ഥാനങ്ങൾ കൈ കൊണ്ടു.

ഒരു ഗർഭ രക്ഷക ദേവിയായിട്ടാണ് സ്ത്രീകൾ ദേവിയേ കാണുന്നത് അതുകൊണ്ട് ദേവി ഈറ്റില്ലം ദേവി എന്നും അറിയപ്പെടുന്നു .ഇഷ്ട സന്താനഭാഗ്യത്തിന് ദേവിയുടെ മുമ്പിൽ നേർച്ചകൾ നേരുന്ന സ്ത്രീകൾ അസംഖ്യമാണ്.

എടലാപുരത്ത് ചാമുണ്ഡി ,ഈറ്റില്ലം ഭഗവതി, എള്ളെടുത്ത് പോതി തുടങ്ങിയ പേരുകളിൽ ദേവി അറിയപ്പെടുന്നു . .





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848